ഈ കഥ അവള്‍ക്കുള്ളതാണ്. കഥയെഴുതാന്‍ എന്നെ പഠിപ്പിച്ച എന്‍റെ പ്രിയപ്പെട്ടവള്‍ക്ക്. എഴുതാന്‍ പഠിപ്പിച്ചെന്നു പറയുമ്പോ, .......ഞാനിങ്ങനെ എഴുത്ത്(കീബോര്‍ഡില്‍ ടൈപ്പിംഗ്) തുടങ്ങാനുള്ള കാരണം അവളാണ്; അങ്ങനെ വേണം നമ്മള്‍ മനസ്സിലാക്കാന്‍.
അവളെന്‍റെ ഹൃദയത്തില്‍ വന്നു കുടിയേറിയത് എന്നാണെന്ന് കൃത്യം ഓര്‍മയില്ല. എന്നോ ഒരിക്കല്‍, ഞാന്‍ പോലുമറിയാതെ.....
സ്വപ്നം കാണാന്‍ കൊതിച്ചു പതിവിലും നേരത്തെ ഉറങ്ങാന്‍ കിടന്ന രാത്രികള്‍. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ, ഒഴിവുകിട്ടുമ്പോഴെല്ലാം ഞാന്‍ കിനാവ് കണ്ട ആ മുഖം..... സത്യം പറയാമല്ലോ, ബോറടിച്ചിട്ടെയില്ല. പിന്നെ സ്വപ്നത്തിലെ ഇഷ്ടം, മുഖത്തോടു മുഖം നോക്കിയിരുന്ന് അവളുടെ കാതില്‍ മന്ത്രിക്കാന്‍ വല്ലാതെ കൊതിച്ചിരുന്നു. പക്ഷെ അളവറ്റ ആത്മവിശ്വാസം(മുന്നനുഭവങ്ങളും) കാരണം അതു വേണ്ടെന്നുവച്ചു.
ഇന്നത്തെ പ്രണയിനിക്ക് വേണ്ട ഒരു അടിസ്ഥാനയോഗ്യത(മൊബൈല്‍ഫോണ്‍) അവള്‍ക്കില്ലെങ്കിലും ഈ സ്നേഹത്തിനുമുമ്പില്‍ ആ ഒരു കുറവ് വെറും തൃണസമാനം. അതിനു പരിഹാരമാര്‍ഗങ്ങള്‍ പലതുമുണ്ടായിരുന്നു താനും - പക്ഷേ, ഈ ഹംസവും പ്രേമലേഖനങ്ങളുമൊക്കെ ഇപ്പോഴത്തെ പിള്ളേര്‍ക്ക് അലര്‍ജിയാണത്രെ. പിന്നെ പ്രേമം മന്ത്രിക്കാന്‍, കോളര്‍ ഐഡിയുള്ള ലാന്‍ഡ്‌ഫോണില്‍..... എന്‍റെ പട്ടി വിളിക്കും. അവസാനം നറുക്ക് വീണത് സുരക്ഷിതവും(കഥാനായികക്ക് ആങ്ങളമാര്‍ രണ്ടാണ്) കാലത്തിന്‍റെ പുരോഗതിക്കു ചേര്‍ന്നതുമായ മാധ്യമം എന്ന നിലയില്‍, ഇ-മെയിലിനാണ്.
ജൂണ്‍മാസത്തിലെ നനുത്ത രാത്രികളില്‍ മഴയുടെ സംഗീതം കേട്ട്, അവള്‍ക്കായി എന്‍റെ ലാപ്ടോപിലെ അക്ഷരങ്ങള്‍ പരതുമ്പോഴാണ് ഞാനറിഞ്ഞത്; ഉറക്കമിളച്ചുള്ള ഈ
അഭ്യാസങ്ങള്‍ക്കും ഒരു സുഖമുണ്ടെന്ന്- ആദ്യപ്രണയലേഖനം എഴുതുന്നതിന്‍റെ സുഖം.
-----------------------
എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞുള്ള അവധിക്കാലം. പരീക്ഷ കഴിഞ്ഞു വരുന്ന അവധിക്കാലത്ത് എന്നും പള്ളിയില്‍ പോവുക എനിക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. പരീക്ഷയിലെ തോല്‍വി പുത്തരിയല്ലെങ്കിലും, എന്തിനും ഒരു ലിമിറ്റ് വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അതൊന്നു ദൈവംതമ്പുരാനെ ഓര്‍മ്മപ്പെടുത്തുക; പള്ളിയില്‍ പോകുന്നതിന്റെ ഉദ്ദേശം അത്രേയുള്ളൂ. പഠനത്തില്‍ ഞാന്‍ മിടുമിടുക്കനാണന്നുള്ളത് കോളേജില്‍ എനിക്ക് മാത്രം അറിയാവുന്ന രഹസ്യമായിരുന്നു.
പ്രഭാതത്തില്‍ ശാന്തമായ മനസോടെ ദൈവാലയത്തില്‍ നില്‍ക്കുമ്പോള്‍ പലവിചാരത്തിനും പരിസരനിരീക്ഷണത്തിനും ഇത്രയും പറ്റിയ സമയമില്ലെന്നു തോന്നാറുണ്ട്. അങ്ങനെയുള്ള ഒരു പതിവ് നിരീക്ഷണത്തിനിടയിലാണ് നായകന്‍റെ(ഈ എന്‍റെ) കണ്ണ്, കണ്ണുകളടച്ച് കൈ കൂപ്പി നില്‍ക്കുന്ന നായികയിലുടക്കുന്നത്. കുര്‍ബ്ബാന കഴിഞ്ഞു പുറത്തിറങ്ങിയപ്പോ അവളെ പിന്തുടരാന്‍, വളരെ നിഷ്കളങ്കമായ ഒരാഗ്രഹം.
നായികയെപ്പിന്തുടര്‍ന്നു ഞാനെത്തിയത് സെമിത്തേരിയിലാണ്. അവളുടെ വല്യപ്പച്ചി മരിച്ചിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. എന്‍റെ വല്യപ്പച്ചിയും, വല്യമ്മച്ചിയും കുറെ നാളുകളായി അവിടെയുണ്ട്. ആണ്ടിലൊന്നേ അവിടെ പോവാറുള്ളൂവെങ്കിലും അവരുടെ ബലത്തില്‍..... ആത്മവിശ്വാസത്തോടെ ഞാന്‍ മുന്നോട്ടു നടന്നു. കല്ലറയുടെ അടുത്തെത്തിയപ്പോ വല്യപ്പച്ചിയുടെ സ്വരം- "കൊച്ചുതെമ്മാടീ, എന്തെ പതിവില്ലാതെ ഇതിലെ ചുറ്റിപ്പറ്റി നടക്കണത്?". ചെറുതായൊന്നു ഞെട്ടി. ഇല്ല, എനിക്ക് തോന്നിയതാ; രണ്ടാളും നല്ല ഉറക്കത്തിലാണ്. രണ്ടാളോടും ഞാന്‍ പറഞ്ഞു, ഏറെനാള്‍ കൂടി കാണാന്‍ വന്നതിന്‍റെ കാരണം "ദോ ലവളാണന്ന്". കുറച്ചു കഴിഞ്ഞപ്പോ പിന്നേം വല്യപ്പച്ചീടെ സ്വരം- "നീ തെമ്മാടിയാണെങ്കിലും ആ കൊച്ചിന് വകതിരിവുണ്ടെന്നു തോന്നണു. ഉം... നല്ലതാ"!!!ഏയ്.....രണ്ടാളും ഉറക്കം തന്നെയാ(എന്നോര്‍ത്ത് ഉറക്കത്തില്‍ സംസാരിച്ചു കൂടെന്നില്ലല്ലോ!). പിന്നീടെന്നു പള്ളിയില്‍ പോയാലും വല്യപ്പച്ചീനേം, വല്യമ്മച്ചീനേം കണ്ടിട്ടേ മടങ്ങാറുള്ളൂ. അതെ, അവള്‍ കാരണം ഞാന്‍ മാറിത്തുടങ്ങുകയായിരുന്നു; അവളറിയാതെതന്നെ.
---------------------
'ആദ്യമായി പ്രണയം തോന്നിയതാരോട്?' എന്ന ചോദ്യത്തിനുള്ള എന്‍റെ ഉത്തരം "പാസ്സ്" ആണ്. അതൊക്കെ എങ്ങനെ ഓര്‍ത്തിരിക്കാനാ!. എങ്കിലും ഓര്‍മയിലുള്ള ചില മുഖങ്ങളുണ്ട്. വിദ്യാര്‍ത്ഥിജീവിതത്തിന്‍റെ പലകാലങ്ങളിലായി, "പ്രണയം എന്നിലുണ്ടെന്നു പറഞ്ഞു തന്നവര്‍"(കവി ശരത് വയലാറിനോട് കടപ്പാട്).
മനസ്സില്‍ നമ്മള്‍ താലോലിക്കുന്ന മുഖങ്ങള്‍ക്കെല്ലാം പൊതുവായ ഒരു പ്രത്യേകതയുണ്ട്. ഒരു നിമിഷത്തേക്ക് അതു മുന്നില്‍ തെളിയും.....ഞൊടിയിടയില്‍ എങ്ങോ മറയും- "കളിയെന്നോടു വേണ്ട" എന്നമട്ടില്‍. നല്ലൊരു സ്വപ്നം കാണാനിരുന്ന നമ്മളവസാനം ശശിയും, സോമനും, രാജപ്പനുമൊക്കെയാവും. അങ്ങനെ പലപ്പോഴായെന്നെ കുരങ്ങുകളിപ്പിച്ച കുറെ മുഖങ്ങള്‍....ചില ഇഷ്ടങ്ങള്‍ മനസില്‍ മാത്രമായിരുന്നു. തുറന്നുപറഞ്ഞതെല്ലാം വിജയകരമായി പരാജയപ്പെടുകയും ചെയ്തു.
ജീവിതത്തെക്കുറിച്ച് ഒരവബോധം വന്നതിനു ശേഷം തോന്നിയ പ്രണയം മുഴുവനും അവളോടു തന്നെ. എന്‍റെയിഷ്ടം ആദ്യമായി നേരില്‍ക്കണ്ട് പറഞ്ഞപ്പോ, ആ മുഖത്തു കണ്ട അമ്പരപ്പ് ഇപ്പോഴും മനസ്സിലുണ്ട്. "ഇത് ശരിയാവില്ല" എന്നാദ്യം മൊഴിഞ്ഞു; പിന്നെ എന്‍റെ അവസ്ഥ കണ്ടു മനസ്സലിഞ്ഞെന്നപോലെ, മൗനം ഭജിച്ചു; ഞാനാ മൗനം സമ്മതമായിട്ടങ്ങെടുത്തു. പിന്നെ പറഞ്ഞു, അച്ഛനും അമ്മയും പറയുംപോലെയേ ചെയ്യൂന്ന്. ഞാന്‍ മനസ്സിലോര്‍ത്തു- "മിടുക്കിക്കുട്ടി, പെണ്‍പിള്ളേരായാല്‍ ഇങ്ങനെ വേണം"(അല്ലാതെ നമ്മളെന്തു ചെയ്യാനാ!).
പിന്നെയും വല്ലപ്പോഴും അപൂര്‍വമായുള്ള കൂടിക്കാഴ്ചകള്‍, എന്നിലെ എഴുത്തുകാരനെ വളര്‍ത്തിവലുതാക്കിയ വണ്‍വെ ഇ-മെയിലുകള്‍, വളരെയേറെ മുന്‍കരുതലുകളോടെ നായകന്‍ നടത്തിയ ചുരുക്കംചില ലാന്‍ഡ്‌ഫോണ്‍ സംഭാഷണങ്ങള്‍(ഞാനാദ്യമേ പറഞ്ഞല്ലോ; രണ്ടാങ്ങളമാര്‍, പിന്നെ അച്ഛനും)- ഞങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ തുലോം കുറവായിരുന്നു. എങ്കിലും എന്‍റെ ഇഷ്ടം കൂടിയിട്ടേയുള്ളൂ.
പിന്നെയും വല്ലപ്പോഴും അപൂര്‍വമായുള്ള കൂടിക്കാഴ്ചകള്‍, എന്നിലെ എഴുത്തുകാരനെ വളര്‍ത്തിവലുതാക്കിയ വണ്‍വെ ഇ-മെയിലുകള്‍, വളരെയേറെ മുന്‍കരുതലുകളോടെ നായകന്‍ നടത്തിയ ചുരുക്കംചില ലാന്‍ഡ്‌ഫോണ്‍ സംഭാഷണങ്ങള്‍(ഞാനാദ്യമേ പറഞ്ഞല്ലോ; രണ്ടാങ്ങളമാര്‍, പിന്നെ അച്ഛനും)- ഞങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ തുലോം കുറവായിരുന്നു. എങ്കിലും എന്‍റെ ഇഷ്ടം കൂടിയിട്ടേയുള്ളൂ.
-------------------------
ചിലപ്പോ തോന്നാറുണ്ട്, എന്‍റെത്('ഞങ്ങളുടേത്' എന്ന് പറഞ്ഞാല്‍ അവള്‍ പിണങ്ങിയാലോ!!!) വരണ്ടുണങ്ങിയ വെറും ബ്ലാക്ക്&വൈറ്റ് പ്രണയമാണെന്ന്. മിക്കപ്പോഴും തമ്മിലൊന്നു കാണാതെ, ഒന്നും മിണ്ടാതെ, സ്വപ്നം കാണാന്‍ മാത്രമുള്ള പ്രണയം. അതിര്‍ത്തിയില്‍ രാജ്യത്തിന് കാവല്‍നില്‍ക്കുന്ന ജവാന്‍റെ പ്രണയകഥ പോലെ(ഞാനര്‍ഹിക്കാത്ത ഈ താരതമ്യത്തിന് മാപ്പ്). പക്ഷേ വരണ്ടുണങ്ങിയതെങ്കിലും ഞാനാസ്വദിക്കാറുണ്ട്, അതിന്‍റെ കുളിരും ആര്‍ദ്രതയും.
ഒരുപക്ഷെ നാഴികകള്‍ക്കപ്പുറത്തിരുന്ന് അവളും ഈ നിമിഷം എന്നെക്കുറിച്ചോര്‍ക്കുകയായിരിക്കാം(ആയിരിക്കും, ആയിരിക്കണംJ). അല്ലെങ്കില്‍ പിന്നെന്തിനാ തമ്മില്‍ക്കാണുമ്പോഴെല്ലാം, കാണാമറയത്താകുംവരെ അവളെന്നെ പിന്തിരിഞ്ഞു നോക്കാറ്.....ഞാന്‍ പറഞ്ഞത് കേട്ടിട്ടെന്നപോലെ, മേശപ്പുറത്ത് ഓക്സ്ഫോര്‍ഡ് ഇംഗ്ലിഷ് ഡിക്ഷ്ണറിയുടെ താളുകള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന ഫോട്ടോയില്‍നിന്ന് അവള്‍ എന്നെ നോക്കിച്ചിരിക്കുകയാണ്, ആ ചെന്താമരക്കവിളുകളും കാട്ടി.
പുറത്തു ചാറ്റല്‍മഴ പെയ്യുന്നു. തൊട്ടപ്പുറത്തെ മുറിയില്‍ വെല്ലൂര്കാരന്‍ ക്ലാസ്സ്മേറ്റ്, അജയ് അമര്‍നാഥ് അണ്ണാദുരൈയുടെ ലാപ്ടോപില്‍ 'അഴകാന സംഗീതം'
പൊടിപൊടിക്കുകയാണ്.
പൊടിപൊടിക്കുകയാണ്.
"ആരോമലേ......മാമല ഏറിവരും തെന്നല്‍,
പുതുമണവാളന്‍ തെന്നല്‍.
പള്ളിമേടയെ തൊട്ടുതലോടി കുരിശു തൊഴുതുവരുമ്പോള്‍....."
പാട്ടിലെ തെന്നലായി, ഒരു വേള ഞാന്‍ അവളുടെ മുടിയിഴകളില്‍ തഴുകിയോ!!! ഇല്ല, കള്ളച്ചിരി
നിറഞ്ഞ ആ മുഖം പിന്നേം എന്നെ കൊതിപ്പിച്ച് ഒരു നിമിഷം കൊണ്ട്
എങ്ങോ മറഞ്ഞിരുന്നു. എന്നാണാവോ സ്നേഹത്തിന്‍റെ മണിമുത്തം നെറുകയിലേറ്റുവാങ്ങാന്‍ എന്‍റെ മുന്നില്‍ ഇനിയതു തെളിയുക!.
നിറഞ്ഞ ആ മുഖം പിന്നേം എന്നെ കൊതിപ്പിച്ച് ഒരു നിമിഷം കൊണ്ട്
എങ്ങോ മറഞ്ഞിരുന്നു. എന്നാണാവോ സ്നേഹത്തിന്‍റെ മണിമുത്തം നെറുകയിലേറ്റുവാങ്ങാന്‍ എന്‍റെ മുന്നില്‍ ഇനിയതു തെളിയുക!.
...
മലയാളത്തിന്‍റെ സ്വന്തം ബേപുര്‍ സുല്‍ത്താന്‍ കുറിച്ച വരികള്‍ എന്‍റെ പ്രിയപ്പെട്ടവള്‍ക്കായി ഞാനിതാ കടം വാങ്ങുന്നു. "കന്യകേ , നിന്‍റെ കണ്ണുകളില്‍ നിന്നാണ് അറിവിന്‍റെ ആദ്യകിരണം എന്‍റെ ഹൃദയത്തെ ചുംബിച്ചത്..... തന്നെയുമല്ല , നിന്‍റെ സാന്നിധ്യത്തില്‍ മറ്റുള്ള മുഖങ്ങളെല്ലാം നിഷ്പ്രഭങ്ങളായി മാറുകയാണ്".
---------------------------------------------------------------