Thursday, May 6, 2010

തകര്‍ക്കരുതേ, ഈ മധുരമനോജ്ഞ കേരളത്തെ...


പ്രിയമലയാളി സുഹൃത്തുക്കള്‍ക്കും  കേരളസര്‍ക്കാരിനും,

മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിയ ഒരു വാര്‍ത്തയായിരുന്നു ഇന്ന് വായിച്ചത്. "എന്നും പത്രത്തില്‍ വായിക്കുന്ന വാര്‍ത്തകളെല്ലാം മനസ്സിന് സുഖം തരുന്നതാണോ" എന്ന് ചോദിച്ചാ....അല്ലേയല്ല. പക്ഷേ, ഇതൊരുമാതിരി......എന്താ പറയുക, ഒന്നുമല്ലെങ്കിലും നമ്മളൊക്കെ മലയാളികളായിപ്പോയില്ലേ. ജീവിതത്തിന്‍റെ രണ്ടറ്റോം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്നതിനിടയില്‍ ഈ ഒരു കാര്യത്തിലെങ്കിലും ഒരു സ്വസ്ഥതേം ഉറപ്പുമില്ലെപ്പിന്നെങ്ങനാ? 

കൂലങ്കഷമായ പരിശോധനക്കായി വരുന്ന എക്സ്യ്സുകാര് ചിലപ്പോ മൂന്നാല് കുപ്പിയൊക്കെ പൊക്കി വീട്ടില്‍ കൊണ്ടുപോയിരുന്നത് സഹിക്കാന്‍ കഴിയാത്ത ബാര്‍ മുതലാളിമാരാണത്രേ  വരാന്‍ പോകുന്ന ഈ പ്രതിസന്ധിക്ക് കാരണം. പുതിയ നിയമം വന്നാല്‍, എക്സ്യ്സുകാര് അവരുടെ കയ്യിലെ കാശ് കൊടുത്തു സാമ്പിള്‍ വാങ്ങി പരിശോധിക്കണം; ആ കാശു പിന്നെ ബില്ല് കാണിച്ചു സര്‍ക്കാരീന്നു കൈപ്പറ്റണം പോലും...നല്ല ചേലായി. ഇനിയീ എക്സ്യ്സുകരെല്ലാം തൊഴിലിനോടുള്ള ആത്മാര്‍ഥതയും നശിച്ച്, പല്ല് കൊഴിഞ്ഞ സിംഹങ്ങളായിരിക്കുന്നതും നമ്മള് കാണേണ്ടിവരും. രാവിലെയും, ഉച്ചക്കും, വൈകിട്ടും(ഒരു മൂട് വരുമ്പോഴൊക്കെ) ഓരോ ചെറുതടിച്ചോണ്ടിരുന്ന ആ പാവം മനുഷ്യര്‍ ഇനി അനുഭവിക്കേണ്ടി വരുന്ന ശാരീരിക, മാനസിക, സാമൂഹിക, സാമ്പത്തികപ്രശ്നങ്ങള്‍ വേറെ.

ഫലത്തില്‍ 'സാമ്പിള്‍ പരിശോധന' എന്നൊരു പരിപാടി ഉണ്ടാവാനേ ഇടയില്ല. അതും പോരാഞ്ഞു സര്‍ക്കാര്‍, മദ്യത്തിന്റെ വീര്യത്തില്‍ 3 % വരെ വ്യത്യാസം(കൂടുതലോ കുറവോ ആകാം) അനുവദിച്ചത്രേ; നേരത്തെ ഇത് 1 % ആയിരുന്നു.  ഈ സര്‍ക്കാരിന്റെയൊരു ബുദ്ധി; ഇനിയിപ്പോ എങ്ങും സംശുദ്ധമദ്യം മാത്രം, ഈ വ്യാജനെ കണ്ടുകിട്ടണേല്‍ മഷിയിട്ടുനോക്കണം.

ഇതിന്‍റെയൊക്കെ ഫലം നമ്മള് പാവം ചെറുപ്പക്കാരനുഭവിക്കണം(നിത്യതൊഴിലഭ്യാസികള്‍ക്ക് ഇതും പ്രശ്നമുണ്ടാവില്ല). ഇത്രയും കാലം തൊഴിലും, അരിയും, നല്ല റോഡുമില്ലെങ്കിലും മലയാളിക്ക് ഡെയിലി നല്ല കള്ള് കിട്ടുമായിരുന്നു. ദുഃഖം വരുമ്പോഴും, സന്തോഷം തോന്നുമ്പോഴും...ഏകാന്തതയിലും, കൂട്ടുകാരൊത്തുള്ള ആഘോഷവേളകളിലും ഇതായിരുന്നു അവന്‍റെ ഏക ആശ്രയം. സാക്ഷരതയില്‍ ഒന്നാമതുള്ള സംസ്ഥാനത്തിന് രാജ്യത്തെ നേട്ടപ്പട്ടികയില്‍ മറ്റൊരിടത്തും സ്ഥാനം കിട്ടാതെ വന്നപ്പോഴും ഈ കള്ളെ    ഉണ്ടായിരുന്നുള്ളൂ മലയാളിക്ക് തലയുയര്‍ത്തിപ്പിടിക്കാന്‍; അതും പ്രതിശീര്‍ഷ ഉപഭോഗത്തില്‍ ഒന്നാമതെത്തിക്കൊണ്ട്.

അങ്ങനെയുള്ള കള്ളിന്‍റെ കാര്യത്തില്‍ത്തന്നെ വേണോ പൊന്നു സര്‍ക്കാരെ, നിങ്ങടെ ഈ തരികിട പരിപാടികള്‍! സര്‍ക്കാര്‍ ഖജനാവിലേക്ക് എന്നും വാരിക്കോരി മാത്രം തന്നിട്ടുള്ള ഈ ഉപഭോക്താവാണോ(പാവം കള്ളുകുടിയന്മാര്‍),അതോ തുക്കടാ ബാര്‍മുതലാളിമാരാണോ നിങ്ങള്‍ക്കു വലുത്?

ഒന്നോര്‍ക്കണം - കുറച്ചുകാലമായി റബ്ബറിനും കുരുമുളകിനും വിലയുണ്ട്‌; ഐടി കാരണം പഠിച്ചിറങ്ങുന്ന കുറെപ്പെര്‍ക്ക് പണി കിട്ടുന്നുണ്ട്‌; കുറച്ചു പൊതുമേഖലസ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കുന്നുണ്ട് - ഒക്കെ ശരിയാ, പക്ഷേ ആഗോളമാന്ദ്യത്തിന്റെ നേരത്ത് ലോകമെമ്പാടും ആളുകള്‍ അരിയും തുണിയും പോലും വാങ്ങുന്നത് നിര്‍ത്തിയിട്ടും  'വൈകിട്ടത്തെ പരിപാടിക്ക്' ഒരു മുടക്കവും വരുത്താതെ, സര്‍ക്കാര്‍ ഖജനാവിനെ    താങ്ങിനിറുത്തിയത്തില്‍ അഭിമാനം കൊള്ളുന്നവനാണ് മദ്യപാനിയായ ഓരോ മലയാളിയും. 'മായമില്ലാത്ത ഒരിത്തിരി കള്ള്', അത് മാത്രമേ അവന് വേണ്ടൂ. പൊന്മുട്ടയിടുന്ന താറാവിനെക്കൊന്നു "ഡക്ക് ഫ്രൈ" വെക്കണോന്നു നിങ്ങള് തന്നെ തീരുമാനിക്ക് സര്‍ക്കാരെ.

ഒരൊറ്റ അപേക്ഷയെ എനിക്കുള്ളൂ; "ഞങ്ങടെ കള്ളില്‍ പാറ്റയിടരുത്".

എന്ന് വിശ്വസ്തവിനീതവിധേയന്‍,
ഒരു ടിപ്പിക്കല്‍ മലയാളി