കളി നടക്കുന്നത് അങ്ങ് ആഫ്രിക്കയില്‍; അതു കാര്യമാകുന്നത് ഇങ്ങു കേരളത്തിലും. ലോകകപ്പ് ഫുട്ബോളിന്‍റെ ക്വാര്‍ട്ടറില്‍ ഇന്നലെ ബ്രസീല്‍ ഹോളണ്ടിനോട് തോറ്റതിനെതുടര്‍ന്നു സംസ്ഥാനത്ത് സംഘര്‍ഷമുണ്ടായത്രേ! കളി തോറ്റതിന്റെ വിഷമത്തില്‍ ബ്രസീല്കാര്‍, ജയിച്ചതിന്റെ ആഘോഷത്തില്‍ ഹോളണ്ടുകാര്‍, ചുമ്മാ ഒരു രസത്തിന് ചൊറിയാന്‍ അര്‍ജെന്റിനക്കാര്‍...എല്ലാരും ചേര്‍ന്നപ്പോ കളി കാര്യമായി പോലും. ദോഷം പറയരുതല്ലോ; ഇന്ന് അര്‍ജെന്റിനയും (ഹാ, ഈ ഞാനും നിരാശനായ ഒരു കടുത്ത ആരാധകനാന്നെ) മലര്‍ന്നടിച്ചു വീണു. ലക്ഷണം വച്ചു നോക്കുമ്പോ മധ്യകേരളത്തിലും, സംസ്ഥാനത്തിന്റെ വടക്കുതെക്ക് ജില്ലകളിലും ഇന്ന് പലതും നടക്കാന്‍ സാധ്യതയുണ്ട്. കാരണം 'വകതിരിവ്' എന്നത് നമുക്കില്ലാത്ത ഒന്നായിക്കൊണ്ടെയിരിക്കുന്നു.
പ്രിയടീമിന്റെ ജയം ആഘോഷിക്കുന്നതും, തോല്‍വിയില്‍ കരയുന്നതും മനസിലാക്കാം; അതിനൊക്കെ വല്ലവന്റേം മുതുകത്ത് കയറുന്നതിനു 'ഞരമ്പുരോഗം' എന്നേ പറയേണ്ടൂ. തെമ്മാടിത്തരത്തിനു ചരിത്രത്തില്‍ ഇടം നേടിയ ചിലരുണ്ട്. ഇംഗ്ലീഷ് ഫുട്ബോള്‍ ആരാധകര്‍. അവരെയൊക്കെ തോല്പിക്കാന്‍ മാത്രം നമ്മളും വളര്‍ന്നിരിക്കുന്നു! പക്ഷേ..... ഇംഗ്ലിഷുകാര്‍ എല്ലാ വേള്‍ഡ് കപ്പിലും വന്നു പന്ത് തട്ടുന്നുണ്ട്. ലോകത്തെ എണ്ണം പറഞ്ഞ കളിക്കാരും, ക്ലബ്ബുകളും അവര്‍ക്കുണ്ട്; നമ്മളോ... ഫുട്ബോളിന്റെ തമ്പ്രാക്കന്മാരില്‍ ആരെയെങ്കിലും മനസ്സുകൊണ്ട് ദത്തെടുത്തു ലോകകപ്പ് എന്ന ഉത്സവം കൊണ്ടാടുന്നു; അതിന്റെ ഓരോ മുഹൂര്‍ത്തവും നെഞ്ചിലേറ്റുന്നു(അതിനു കാരണം ഈ കളിയുടെ സൗന്ദര്യം; പിന്നെ സൗന്ദര്യം ആസ്വദിക്കാനുള്ള മലയാളിമനസ്സിന്റെ നന്മയും).
ബ്രസീലും, അര്‍ജന്റിനയും, ഹോളണ്ടുമൊക്കെ ജയിച്ചാലും തോറ്റാലും അതൊന്നും ഈ നാട്ടുകാരുടെ മുതുകത്തുകയറനുള്ള ലൈസന്‍സ് അല്ലെന്നു തെമ്മാടിത്തരം കാണിക്കുന്ന ഉടായിപ്പുകള്‍ മനസിലാക്കുക. ജയിച്ചാല്‍ മനസ് തുറന്നു സന്തോഷിക്കുക; മേമ്പോടിക്ക് ചെറുത് വീശുക; ആഘോഷിക്കുക... ഇനി, തോറ്റാല്‍ ഉള്ളു നൊന്തു കരയുക; രണ്ടെണ്ണം കൂടുതല്‍ വീശുക; അടങ്ങിയൊതുങ്ങി കിടന്നുറങ്ങുക. ദയവുചെയ്ത്, വല്ലവന്റെയും മെക്കിട്ടു കയറാതിരിക്കുക.
നന്ദി , നല്ല നമസ്കാരം.