[അച്ചടിമഷിയിലൂടെ പുറംലോകത്തിന്റെ വെളിച്ചം കണ്ട, എന്‍റെ ആദ്യലേഖനം]
[പരസ്യരംഗത്തു ഗൂഗിളിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തിയതിനു ശേഷം ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് പുതുതരംഗം സൃഷ്ടിക്കുന്നു, ഫേസ്ബുക്ക്]
'സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മീഡിയ' എന്ന ഐഡിയ ലോകത്തിനു പരിചയപ്പെടുത്തുമ്പോള്‍ ഫേസ്ബുക്കിന്റെ അമരക്കാരന്‍ മാര്‍ക് സ്യുകര്‍ബര്‍ഗ് പോലും ഇത്രയ്ക്കങ്ങു വിചാരിച്ചു കാണില്ല. അംഗങ്ങളുടെ എണ്ണം അഞ്ഞൂറ് മില്യണ്‍ (അമ്പതു കോടി) എന്ന മാന്ത്രികസംഖ്യ പിന്നിട്ടിട്ടു നാളേറെയായി. ഇന്ത്യയെപ്പോലെ അതിവേഗം വളരുന്ന വിപണികളില്‍ ഫേസ്ബുക്കിന്റെ സ്വീകാര്യത നാള്‍ക്കുനാള്‍ കൂടിവരികയാണ്. ഇതൊക്കെ തന്നെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പോര്‍ട്ടല്‍ എന്ന നിലയില്‍ നിന്നും ക്രമേണയുള്ള ഫേസ്ബുക്കിന്റെ രൂപമാറ്റത്തിന്റെയും അതുവഴി പുതിയ ബിസിനസ് മോഡലുകള്‍ പരീക്ഷിക്കുന്നതിന്റെയും രഹസ്യം. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ ഈ പടയോട്ടത്തെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.
കുടില്‍ തൊട്ടു കൊട്ടാരം വരെയുള്ള സകലമാന ഉപഭോക്താക്കളെയും ഒരേപോലെ ലക്‌ഷ്യംവച്ചുള്ള പരമ്പരാഗത പരസ്യരീതികളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഫേസ്ബുക്കിന്റെയും ഓര്‍ക്കുട്ടിന്റെയുമെല്ലാം സോഷ്യല്‍ മാര്‍ക്കറ്റിംഗ്. തങ്ങളുടെ യഥാര്‍ത്ഥ ഉപയോക്താക്കളെ (പൊട്ടന്‍ഷ്യല്‍ ടാര്‍ഗറ്റ് കസ്റ്റമെഴ്സ്) തേടിപ്പിടിച്ച് അവര്‍ക്കുമുന്നില്‍ തങ്ങളെത്തന്നെയും തനതു ബ്രാന്‍ഡുകളെയും പരിചയപ്പെടുത്താന്‍ കമ്പനികള്‍ക്ക് ഫേസ്ബുക്ക് കുറച്ചൊന്നുമല്ല സഹായകരമായത്. ഫേസ്ബുക്കിന്റെ മാര്‍ക്കറ്റിംഗ് വിജയത്തിന്റെ രഹസ്യം പ്രധാനമായി രണ്ട് സംവിധാനങ്ങളാണ്- 1.കമ്പനികള്‍ക്കും പ്രൊഡക്ടുകള്‍ക്കുമായുള്ള പ്രത്യേക ഫേസ്ബുക്ക് പേജ് 2.അംഗങ്ങളുടെ ഹോംപേജില്‍ കമ്പനി അപ്ഡേറ്റ്സ് തത്സമയം ലഭ്യമാക്കുന്നതിനുള്ള സംവിധാനം- സോഷ്യല്‍ ആഡ്സ്. അംഗങ്ങളുടെ വ്യക്തിഗത പ്രൊഫൈല്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി, കമ്പനികള്‍ക്ക് തങ്ങളുടെ 'പൊട്ടന്‍ഷ്യല്‍ ടാര്‍ഗറ്റ് കസ്ടമെഴ്സിനെ' കണ്ടെത്താന്‍ കഴിയും. അംഗങ്ങള്‍ പതിവായി ടൈപ്പ് ചെയ്യുന്ന 'കീവേര്‍ഡ്സ്' അറിയുക വഴി അവര്‍ക്ക് താല്പര്യമുള്ള പ്രോഡക്ടുകളും ബ്രാന്‍ഡുകളും മനസ്സിലാക്കുക, എന്നതാണ് ഇതിനു പിന്നിലെ തന്ത്രം. എന്നിരുന്നാലും ഈ ഐഡിയയുടെ കൃത്യത ഇപ്പോഴും തര്‍ക്കവിഷയം തന്നെ.
നെറ്റ് വര്‍ക്കിംഗിനും മാര്‍ക്കറ്റിംഗിനും ശേഷം ഫേസ്ബുക്കിന്റെ ശ്രദ്ധ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത് സോഷ്യല്‍ ഷോപ്പിംഗിലേക്കാണ്- ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പുതിയ മുഖം. ഒരു പക്ഷേ ആമസോണ്‍.കോം, ഇ-ബേ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗിലെ വമ്പന്മാര്‍ക്ക് ഇത് കനത്ത വെല്ലുവിളി ഉയര്‍ത്താനിടയുണ്ട്. ആമസോണ്‍.കോം എന്ന അമേരിക്കന്‍ കമ്പനിയാണ്, ഇന്ന് ലോകത്തെ ഏറ്റവും വലിയ 'ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ്'. ഓണ്‍ലൈന്‍ ബുക്ക്ഷോപ്പ് എന്ന നിലയില്‍ തുടക്കം കുറിച്ച ആമസോണ്‍.കോം അതിവേഗം മറ്റു റീട്ടയില്‍ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വ്യാപരത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സാധാരണ ഷോപ്പിങ്ങിനെ അപേക്ഷിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ്, കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും പലരീതിയിലും പ്രയോജനകരമാണ്. ദിവസം മുഴുവനും, ആഴ്ചയില്‍ ഏഴു ദിവസവും (24x7) ഒരു മുടക്കവും കൂടാതെ ഇടപാടുകള്‍ സാധിക്കും എന്നുള്ളതാണ് പ്രധാനകാര്യം. ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ക്ക് ഇടപാടുകള്‍ക്കായി മിനിമം സ്റ്റോക്ക് സൂക്ഷിച്ചാല്‍ മതിയാകും. ചില അവസരങ്ങളില്‍ സ്റ്റോക്ക് ഇല്ലാത്ത ഉത്പന്നങ്ങള്‍ പോലും ഓണ്‍ലൈന്‍ ഷോപ്പിംഗ് വഴി വിറ്റഴിക്കാന്‍ സാധിക്കുന്നു. തങ്ങള്‍ ആവശ്യപ്പെട്ട പ്രോഡക്ടുകള്‍ കിട്ടുന്നതിനായി ചിലപ്പോള്‍ ഒന്നോ രണ്ടോ ആഴ്ച സമയം കാത്തിരിക്കുന്നതിനും ഉപഭോക്താവ് തയാറാവും. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ വന്‍വിജയം, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റുകള്‍ ഈ രംഗത്തേക്കും ആകര്‍ഷിക്കപ്പെടുന്നതിനുള്ള കാരണമായി.
ഒരു ഷോപ്പിംഗ് സെന്റര്‍ എന്ന നിലയിലേക്ക് ഏറ്റവും വിജയകരമായി ചുവടുമാറ്റം നടത്തിയിരിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റ്, ഫേസ്ബുക്ക് തന്നെയാണ്. ഓരോദിവസവും കൂടുതല്‍ കൂടുതല്‍ കമ്പനികള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പ്രോഡക്ട് ലിസ്റ്റുകള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു. ചില ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോറുകള്‍, ഫേസ്ബുക്ക് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് 'വിര്‍ച്വല്‍ ഷെല്‍ഫ്' അനുഭവം പോലും പ്രദാനം ചെയ്യുന്നു. അതായത് സ്റ്റോറില്‍നിന്നും സ്വന്തം കൈകൊണ്ടു തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുന്ന അതേ അനുഭവം തന്നെയെന്നു സാരം. ഒരു പ്രോഡക്റ്റ് പരിശോധിക്കുക, ഓര്‍ഡര്‍ ചെയ്യുക, പണം അടയ്ക്കുക തുടങ്ങിയവയ്ക്കെല്ലാംകൂടി വേണ്ടി വരുന്ന മൗസ് ക്ലിക്കുകളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിന് ഫേസ്ബുക്ക് ആപ്ലിക്കേഷനുകളെല്ലാം മുന്‍ഗണന നല്‍കുന്നു. ഇതുവഴി ഓരോ ഇടപാടിന്റെയും സമയം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഈ വിധത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനുള്ള ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമായി മാറാമെന്നു ഫേസ്ബുക്ക് കണക്കുകൂട്ടുന്നു. അങ്ങനെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിലൂടെ തുടങ്ങിയ ജൈത്രയാത്ര സോഷ്യല്‍ ഷോപ്പിംഗിലും ആവര്‍ത്തിക്കാമെന്നും.